 |
| സ്‌കൂള്‍ തുറക്കുന്നതോടെ തന്നെ മുടങ്ങാതെ കാലവര്‍ഷവും തുടങ്ങും. മിക്ക ദിവസവും സ്‌കൂളിലെത്തുമ്പോഴേക്കും പകുതി നനഞ്ഞിരിക്കും. നാലുമണിക്ക് സ്‌കൂള്‍ വിട്ട് മടങ്ങു മ്പോഴാണ് മഴ ഘോഷം കൂട്ടി പെയ്യുന്നത്. പറക്കുളം കുന്നു കഴിഞ്ഞു മലമക്കാവിലെ മേച്ചില്‍ പുറത്തെത്തുമ്പോഴാണ് രാവിലെ കളിയായി വെള്ളം കുടഞ്ഞുപോയ കാലവര്‍ഷം ഈറയോടെ ശരിക്കും നനയ്ക്കുന്നത്. കുട ചെരിച്ചുപിടിക്കാന്‍ കൂടെ വരുന്ന കാറ്റ് സമ്മതിക്കില്ലല്ലോ.- എം.ടി.
|
|  |
| ''തുലാക്കോളിലൂഴി വാനങ്ങളെ തുണ്ടുതുണ്ടാക്കുമിടിമഴ ചിതറവേ മാറില്‍ മയങ്ങുമെന്‍ കാന്തയെച്ചുണ്ടിനാല്‍, നേരിയ വേര്‍പ്പണിക്കയ്യാല്‍ തഴുകവെ എന്തിന് മിന്നല്‍ പോലങ്ങുനിന്നിന്നലെ വന്നു നീയുള്ളില്‍ തെളിഞ്ഞു ഞൊടിയിട...?'- വിഷ്ണുനാരായണന്‍ നമ്പൂതിരി.
|
|  |
| എന്തോ മൊഴിയുവാന്‍ ഉണ്ടായിരുന്നൂ മഴയ്‌ക്കെന്നോട് മാത്രമായി... ഏറെ സ്വകാര്യമായി... എസ്.രമേശന്‍ നായര്‍.
|
|  |
| പെരുമഴ വരുന്നത് കാണാം. അകലത്തെ താഴ് വാരത്തില്‍ നിന്നുകയറി മേച്ചില്‍പുറത്തിന്റെ അറ്റത്ത് ഇളകുന്ന ഒരു തിരശ്ശീല പോലെ അല്‍പനിമിഷങ്ങള്‍ അതു നില്‍ക്കുന്നു. മേയുന്ന കാലികള്‍ അപ്പോഴേക്കും കൂട്ടംകൂടി കഴിഞ്ഞിരിക്കും. അസ്വസ്ഥതയോടെ അമറുകയും മഴയെ തടുക്കാനെന്നോണം കൊമ്പുതാഴ്ത്തിപ്പിടിക്കുകയും ചെയ്യുന്നത് കണ്ടാല്‍ ഉറപ്പിക്കാം, വരുന്നത് പേമഴയാണ്. ആകെ നനച്ചിട്ടേ കിഴക്കേ ചെരുവിലിറങ്ങി, പാടം കടന്നുപുഴയ്ക്കു മുകളിലെത്തൂ. വരുന്നത് പോലെ മഴ പോകുന്നതും ഞങ്ങള്‍ക്കു കാണാം. പുസ്തകക്കെട്ടു നനയാതിരിക്കാന്‍ ഷര്‍ട്ടിനകത്ത് നെഞ്ചിന്‍കൂടോടപ്പിച്ച്, കുട കാറ്റില്‍ പിടിവിട്ടുപോകാതെ പതുക്കെപ്പതുക്കെ നടക്കണം. ഞങ്ങള്‍ക്കതു ശീലമായിരുന്നു.- എം.ടി.
|
|  |
| ദൈവത്തിന്റെ മഴ താഴേക്ക് തുള്ളിയായി പതിക്കുമ്പോള്‍ പ്രിയ സുഹൃത്തേ മിണ്ടാതിരിക്കൂ അല്ലെങ്കില്‍ നിങ്ങളുടെ വാക്കുകള്‍ നനഞ്ഞുപോകും- ദുന്‍ യാ മിഖായേല്‍.
|
|  |
| മഴ തൊടുന്ന നേരം ഭൂമിയെ തരിശ്ശായി നീ കാണുന്നു. എന്നാല്‍ ഞാനതില്‍ നീര്‍വീഴ്ത്തുമ്പോള്‍ അത് പുളകം കൊള്ളുന്നു, വികസ്വരമാകുന്നു. മനോഹരമായ പലതും കുഴക്കുന്നു, വിളയുന്നു. (വിശുദ്ധ ഖുര്‍ആന്‍(22:5)
|
|  |
| മഴ പെയ്തിറങ്ങുകയാണ്. നിര്‍ത്താതെ പെയ്യുന്ന മഴ. എല്ലാ ഹൃദയത്തിലും മഴ. കുളിരുപകരുന്ന രാത്രിയും ഓര്‍മകളുണര്‍ത്തുന്ന പകലും ആത്മാവില്‍ വസന്തം നിറക്കുന്നു. മഴവര്‍ഷത്തില്‍ സ്വപ്‌നങ്ങളും നിറങ്ങളും പൂക്കളുമെല്ലാം ഒരുപോലെ നൃത്തം ചെയ്യുന്നു. എത്ര ഹൃദ്യമാണ് മഴയുടെ രാഗനിസ്വനങ്ങള്‍. |
|  |
| മഴയില്‍ നിറയുന്ന ആത്മഭാവങ്ങള്‍
|
|  |
| മിഴിക്ക് നിലാഞ്ജന പുഞ്ജമായും ചെവിക്കു സംഗീതക സാരമായും മെയ്യിന് കര്‍പ്പൂരക പൂരമായും പുലര്‍ന്നവല്ലോ പുതുവര്‍ഷകാലം- വൈലോപ്പിള്ളി.
|
|  |
|
|
|  |
| 'കരിമ്പനകളുടെ കാനലുകള്‍ ഉടിലുപോലെ പൊട്ടിവീണു..പിന്നെ മഴ തുളിച്ചു..മഴ കനത്തു പിടിച്ചു.കനക്കുന്നമഴയിലൂടെ രവി നടന്നു. .ഇടിയും മഴയുമില്ലാതെ കാലവര്‍ഷത്തിന്റെ വെളുത്ത മഴമാത്രം നിന്നു പെയ്തു.. കൂമന്‍കാവിലെത്തിയപ്പോഴും ആ വെളുത്ത മഴ മാത്രം നിന്നു പെയ്തു...'- ഒ. വി. വിജയന്‍
|
|  |
| കാലം തെറ്റി, പെയ്യാതെ പോകുന്ന, ഒരു കാലവര്‍ഷക്കാലം, പെയ്യാത്ത മഴകള്‍ ജീവന്റെ പുസ്തകത്തിലെ നഷ്ടപ്പെട്ട താളുകളാണ്; പെയ്ത മഴകളോ ഓര്‍മ്മകളുടെ ബൃഹദാഖ്യാനവും. അനുഭവത്തിന്റെ മേച്ചില്‍സ്ഥലങ്ങളില്‍ അലഞ്ഞ് വീടിന്റെ തടങ്കലിലേക്ക് തിരിച്ചെത്തുമ്പോള്‍, അന്‍പതു കഴിഞ്ഞ ഒരാള്‍ക്ക്, ജാലകപ്പാളിക്ക് പുറത്ത് പെയ്യുന്ന മഴ, ഒരേസമയം വേദനയും, സാന്ത്വനവുമാണ്. അയാള്‍ കാണുന്നത്, അഥവാ കേള്‍ക്കുന്നത്, അപ്പോള്‍ പെയ്തുകൊണ്ടിരിക്കുന്ന ഒരു മഴ മാത്രമല്ല. ബാല്യത്തിന്റെ നിഷ്‌കളങ്കതയും കൗമാരത്തിന്റെ ഉള്‍പ്പുളകങ്ങളും യൗവനത്തിന്റെ ആഘോഷങ്ങളും പിന്നിട്ട് വാര്‍ദ്ധക്യത്തിന്റെ സന്ദിഗ്ദ്ധമായ തീര്‍പ്പുകളെ പുല്‍കി നില്‍ക്കുന്ന അയാള്‍ക്ക്, താന്‍ മനസ്സുകൊണ്ടും ശരീരംകൊണ്ടും സ്‌നാനപ്പെട്ട അനേകായിരം മഴകളിലേക്ക്, അതുവഴി വ്യക്തിചരിത്രത്തിന്റെയും സമൂഹചരിത്രത്തിന്റെയും അകത്തളങ്ങളിലേക്ക് തുറക്കുന്ന വാതില്‍പ്പാളിയാണത്. മഴയ്ക്കുമുന്നില്‍, ഈശ്വരന് മുന്നിലെന്നപോലെ, എല്ലാവരും സമന്മാരാണ്. പക്ഷേ, ഓരോ മഴയും, ഓരോ മനുഷ്യനിലും, പലതായി പെരുകുന്ന ജീവചൈതന്യമാണ്. ഒരേ മഴ ആരും നനയുന്നില്ല.- എന്‍.ശശിധരന്‍
|
|  |
| പെട്ടെന്ന് വീണ്ടും മഴ. അലറിവരുന്ന മഴയ്ക്ക് നല്ല ഉശാറുണ്ട്. ചരിഞ്ഞാണ് ആകാശത്തുനിന്ന് മഴ വീണത്. ഇറയില്‍നിന്ന് വെളളം മുറ്റത്തേയ്ക്ക് തെറിച്ചുകൊണ്ടിരുന്നു. ഇറയില്‍നിന്നു വീഴുന്ന മഴനാരുകള്‍ക്ക് കയറിന്റെ വണ്ണം. മുറ്റത്ത് ആദ്യം വെള്ളത്തിന്റെ പാടപോലെ. പിന്നെ വെള്ളം പതുക്കെപ്പതുക്കെ പൊങ്ങിവരികയായിരുന്നു. പൊങ്ങിയ വെള്ളത്തില്‍ വീര്‍ത്തുവരുന്ന നീര്‍പ്പോളകള്‍ മഴത്തുള്ളികള്‍തട്ടി പൊട്ടിപ്പോകുന്നു. മുറ്റത്തുനിന്ന് വെള്ളം വരമ്പുകഴിഞ്ഞ്, നടവഴികഴിഞ്ഞ്, വേലികടന്ന് കരഞ്ഞുപാഞ്ഞുപോകയാണ്. തണുത്ത കാറ്റ് മഴയെ ആട്ടിയോടിച്ചു. പെട്ടെന്ന് മഴ ഉറക്കെ കരയാന്‍തുടങ്ങി. മഴയെ കാറ്റ് അടിച്ചോടിക്കുമ്പോള്‍ മഴ പാവാടത്തുണിപോലെ പാറുന്നുണ്ടായിരുന്നു. മണ്ണില്‍നിന്ന് ആവി പൊങ്ങിയിരുന്നു. ആവിയെ മഴ ഒളിപ്പിക്കുന്നതായി തോന്നിയിരുന്നു. മഴ, നല്ല മഴ, മഴ, മഴ, എന്റെ മഴ.- എന്‍. പി. മുഹമ്മദ്, ദൈവത്തിന്റെ കണ്ണ്.
|
|  |
| സാമാന്യം നന്നായി ചോരുന്ന വീട്ടില്‍, പെയ്തു തീര്‍ന്നാലും പിറുപിറുപ്പ് തീരാത്ത കവുങ്ങിന്‍ പട്ടകള്‍ക്കും വാഴത്തഴപ്പുകള്‍ക്കുമിടയില്‍ എന്റെ ബാല്യത്തിന്റെ മഴ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ തുള്ളിക്കളിച്ച് സ്‌കൂളിലെത്താന്‍ വൈകുന്നതിന്റെ ഓര്‍മ മഴ. പിന്നെ കൗമാരത്തിലെ കാല്പനിക മഴകള്‍. രാത്രിമഴ പെയ്തുകഴിഞ്ഞ് പരക്കുന്ന പുലരിവെയില്‍ പോലെ പ്രസാദാത്മകമായ മറ്റൊരു ആത്മീയാനുഭവമില്ല. നിന്നെ മറന്നിട്ടില്ല എന്ന ആകാശത്തിന്റെ ഭൂമിയോടുള്ള ഉരിയാട്ടമാണല്ലോ മഴ. ഭൂമിക്കും ആകാശത്തിനുമിടയിലെ ശൂന്യതയെ മഴ സജലമായി നികത്തുകയാണ്. അങ്ങനെ അവ രണ്ടല്ലാതാവുകയും ചെയ്യുന്നു. ആലിംഗനത്തിന്റെ ജലഭാഷയാകയാലാവാം പ്രണയികള്‍ മഴയെ അത്രമേല്‍ ഇഷ്ടപ്പെട്ടുപോകുന്നത്. സമുദ്രത്തില്‍ കഴിഞ്ഞതിന്റെ ഓര്‍മകള്‍ അബോധത്തില്‍ ഉണര്‍ത്തുന്നുണ്ട് മഴ.- റഫീക് അഹമ്മദ്
|
|  |
| മഴ പ്രണയമാണ്. മഴ കനിവാണ്. മഴ ഓര്‍മ്മയാണ്. മഴ മരണമാണ്. പുസ്തകങ്ങളും കുപ്പായങ്ങളും നനഞ്ഞ് ക്ലാസില്‍ മടിയോടെ കയറിയിരിക്കുന്നത് മുതല്‍ മരിച്ച വീട്ടില്‍ നിന്ന് മഴ നനഞ്ഞ് മരണത്തെയോര്‍ത്തിറങ്ങുന്നത് വരെയുള്ള ദൂരങ്ങളിലെല്ലാം മഴയുണ്ട്. |
|  |
| മഴയെനിക്കിഷ്ടമാണെന്നും തുടം പെയ്തിറങ്ങവേ, കുട ചൂടിയലയുമാ ലഹരിയും; കുടയെഴാതിന്നുനില്‍ക്കെ, പിടയുമൊരു തുള്ളിയായ് വന്നു നീ...- ശിവകുമാര്‍ അമ്പലപ്പുഴ
|
|  |
| മഞ്ഞിറങ്ങുന്ന താഴ്‌വരരളിലൂടെ അലസമായി ഒഴുകുന്ന പുഴയില്‍ മഴനനഞ്ഞ്..എങ്ങോട്ടെന്നില്ലാതെ യാത്ര...മനസ്സിലും ശരീരത്തിലും മഞ്ഞ് പെയ്തിറങ്ങുന്ന നിമിഷം നാം എല്ലാം മറക്കുന്നു. നമുക്ക് ചുറ്റും ഒരു ലോകമുണ്ടെന്നത് പോലും... ഇടമലയാറിലൂടെയുള്ള ഈ തുഴച്ചില്‍ നിങ്ങളെ മറ്റൊരാളാക്കും തീര്‍ച്ച...മഞ്ഞും മഴയും പെയ്ത ഒരു പുലര്‍കാലത്ത് പകര്‍ത്തിയ ചിത്രം. |
No comments:
Post a Comment