Search This Blog

Saturday 12 November 2011

ഗോവിന്ദച്ചാമിക്ക് വധശിക്ഷ..

 
തൃശ്ശൂര്‍: സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്ക് വധശിക്ഷ. തൃശ്ശൂര്‍ അതിവേഗ കോടതി ജഡ്ജി കെ. രവീന്ദ്രബാബുവിന്റേതാണ് വിധി. ഐ.പി.സി 302 വകുപ്പ് പ്രകാരമാണ് ഗോവിന്ദച്ചാമിക്ക് ശിക്ഷ വിധിച്ചത്. ഗോവിന്ദച്ചാമിയില്‍ നിന്നും ഒരു ലക്ഷം രൂപ പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടു. ഒക്ടോബര്‍ 31ന് ഗോവിന്ദച്ചാമി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണിതെന്ന് കോടതി വിലയിരുത്തി. സ്ത്രീ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്ന തരത്തില്‍ പ്രതിക്ക് മാതൃകാപരമായ ശിക്ഷ നല്‍കണം. പ്രതി സ്ത്രീ സമൂഹത്തിന് ഭീഷണിയാണ്. ഗോവിന്ദച്ചാമി സ്ഥിരം കുറ്റവാളിയാണ്. തമിഴ്‌നാട്ടില്‍ അദ്ദേഹത്തിനെതിരെ എട്ടിലധികം കേസുകളില്‍ പ്രതിയാണെന്ന് കണ്ടെത്തിയിരുന്നു.
ഐ.പി.സി 302, 376, 394, 397, 447 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ്് ഗോവിന്ദച്ചാമിയ്‌ക്കെതിരെയുള്ളത്. ഇതില്‍ കൊലപാതക കുറ്റത്തിനാണ് പ്രതിക്ക് വധശിക്ഷ നല്‍കിയത്. ഇതിനു പുറമേ ഐ.പി.സി 394, 397 എന്നീ വകുപ്പുകള്‍ പ്രകാരം പ്രതിക്ക് ഏഴ് വര്‍ഷത്തെ തടവ് ശിക്ഷയും, 376ാം വകുപ്പ് പ്രകാരം ജീവപര്യന്തം ശിക്ഷയും ഒരു ലക്ഷം പിഴയും, 447 മൂന്ന് മാസം തടവും കോടതി വിധിച്ചു. ഹൈക്കോടതിയുടെ അനുമതിയോടുകൂടിയേ വധശിക്ഷ നടപ്പാക്കാവൂവെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഗോവിന്ദച്ചാമിയുടെ ഒരാവശ്യവും കോടതി പരിഗണിച്ചില്ല. വികലാംഗനാണെന്നതുള്‍പ്പെടെയുള്ള പരിഗണന പ്രതിക്ക് നല്‍കണമെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. തനിക്ക് ചെറിയ ശിക്ഷ നല്‍കണമെന്ന് ഗോവിന്ദച്ചാമിയും കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതൊന്നും കോടതി പരിഗണിച്ചില്ല. ഒക്ടോബര്‍ 31ന് ഗോവിന്ദച്ചാമിക്ക് എന്താണ് പറയാനുള്ളതെന്ന് കോടതി ചോദിച്ചപ്പോള്‍ തനിക്ക ആരുമില്ല, താന്‍ അനാഥനാണ്. തന്നെ ശിക്ഷിക്കുകയാണെങ്കില്‍ കേരളത്തിനും തമിഴ്‌നാട്ടിനും പുറത്തുള്ള ഏതെങ്കിലും ജയിലിലേക്കും മാറ്റണമെന്നുമായിരുന്നു ഗോവിന്ദച്ചാമി പറഞ്ഞത്. ഇക്കാര്യങ്ങളും കോടതി പരിഗണിച്ചില്ല.
സൗമ്യയുടെ ശരീരഭാഗങ്ങളില്‍ കണ്ട പുരുഷബീജവും നഖത്തിനുള്ളില്‍ നിന്ന് കിട്ടിയ ത്വക്കും ഗോവിന്ദച്ചാമിയുടേതാണെന്ന് പരിശോധനയില്‍ തെളിഞ്ഞിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടനുസരിച്ച് ഇതുകൈപ്പത്തിയില്ലാത്ത ആളില്‍നിന്നാണ് സൗമ്യക്ക് ആക്രമണമേറ്റതെന്നും വ്യക്തമായി. ഇതുള്‍പ്പെടെ 101 രേഖകളും 43 മുതലുകളും തെളിവായി കോടതി സ്വീകരിച്ചു.
പൈശാചികവും സമൂഹമനസാക്ഷിയെ ഞെട്ടിച്ചതും അപൂര്‍വങ്ങളില്‍ അപൂര്‍വവുമായ സംഭവമാകയാല്‍ പ്രതിക്ക് വധശിക്ഷതന്നെ നല്‍കണമെന്ന് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എ. സുരേശന്‍ കോടതിയില്‍ വാദിച്ചിരുന്നു. തമിഴ്‌നാട്ടില്‍ എട്ട് കേസുകളില്‍ ശിക്ഷിക്കപ്പെട്ട പ്രതിക്ക് ഇനിയൊരവസരത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ തെളിവുകളെക്കാള്‍ സാമൂഹികസമ്മര്‍ദ്ദത്തെയാണ് പ്രോസിക്യൂഷന്‍ ആശ്രയിച്ചിരുന്നതെന്നും പ്രതിക്ക് തടവ് ശിക്ഷ മതിയെന്നുമാണ് പ്രതിഭാഗം വാദിച്ചത്.




--
Thanks & Regards

SHYJITH M

No comments:

Post a Comment